Tuesday, July 23, 2024

On July 23, 2024 by Sadananda Pulavar   No comments
രാമായണ വിചാരം .......
ബീജം..
സൃഷ്ടിയുടെ നാളിൽ ബഹ്മാവിന്റെ ശാപത്താൽ പിറവിയെടുത്ത രാക്ഷസവംശത്തിന്റെ തുടക്കം ഹേതിയിൽ നിന്നാണ് . യമധർമന്റെ സഹോദരിയെ വേട്ട ഹേതി യുടെ പുത്രനായി വിദ്യുത് കേശൻ ജനിച്ചു. ശാലക്കടങ്കടയെന്ന ഗന്ധർവ കന്യകയെ പരിണയിച്ച വിദ്യുത് കേശന്റെ പുത്രനാണ് സുകേശൻ . സുകേശനു മുലയൂട്ടിയത് സാക്ഷാൽ പാർവതി ദേവിയും പേരിട്ടത് ശിവനുമാണ്.. സുകേശന്റെ മക്കളാണ് മാലി, സുമാലി, മാല്യവാൻ എന്നിവർ.... ഇവർക്കു വേണ്ടിയാണ് വിശ്വകർമ്മാവ് ലങ്കയെ നിർമിച്ചത്.വരബലത്താൽ ശക്തരായ നാളിൽ സ്വർഗം കീഴടക്കാൻ ഇവർക്കു മോഹമുദിച്ചു. കടുത്ത പോരിൽ തോറ്റു കരഞ്ഞ ദേവന്മാരെ രക്ഷിക്കാൻ മഹാവിഷ്ണു എത്തി... തുടർന്നു നടന്ന യുദ്ധത്തിൽ മാലി വീണു. മറ്റു രണ്ടു പേരും ലങ്കയിലേക്കു തിരിച്ചോടി. അവിടെയും മഹാവിഷ്ണു എത്തിയതോടെ രാക്ഷസകുലം ഒന്നാകെ പാതാളത്തിൽ അഭയം തേടി..
കാലത്തിന്റെ കനിവിനായി കാത്തിരുന്ന സുമാലി ഒരു നാൾ ഭൂമിയിലെത്തി.. പുഷ്കത്തിൽ ആകാശഗമനം നടത്തുന്ന വൈശ്രവണനെ കണ്ടു അതിശയം കൂറിയ സുമാലി വൈശ്രവണ ചരിത്രത്തെ നന്നായിപഠിച്ചു.. വിശ്രവസ്സിന്റെ പുത്രനായതു കൊണ്ടാണ് വൈശ്രവണൻ കേമനായത് എന്നറിഞ്ഞ സുമാലിയുടെ മനസ്സിൽ ഒരാശയം പിറന്നു. തന്റെ മകൾ കൈകസിക്കു വിശ്രവസ്സിന്റെ ബീജത്തിൽ സന്താനം ഉണ്ടാവുകയാണെങ്കിൽ ! അതിലൂടെ രാക്ഷസ കുലത്തിന്റെ ദുഃഖം തീരും എന്നു കരുതി സുമാലി.. പാതാളത്തിൽ തിരിച്ചെത്തിയ സുമാലി തന്റെ മകൾ കൈകസിയോടു കാര്യങ്ങൾ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു തന്റെ കുലത്തിനു കിട്ടാൻ എന്തു ത്യാഗത്തിനും കൈകസി തയ്യാറായിരുന്നു. അവൾ വിശ്രവസ്സിന്റെ ആശ്രമത്തിലെത്തി ദാസിയായി വർത്തിച്ചു.. ഒരു നാൾ അന്തിചായുന്ന നേരത്തു അവൾ ഉടുപുടയില്ലാതെ വിശ്രവസ്സിനു മുന്നിൽ ചെന്നു നിന്നു.. വിശ്രവസ് അമ്പരന്നു. സ്‌ത്രൈണ സൗന്ദര്യത്തിന്റെ പൂർണ ബിംബമായി മുന്നിൽ നിന്ന കൈകസിയുടെ മുഴുപ്പിലും മിനുപ്പിനും തങ്ങിപ്പോയ നോട്ടത്തെ പിൻവലിക്കാനാവാത്ത ഋഷി ചോദിച്ചു ....എന്താണ് വേണ്ടത് ?
ഉടലഴകിനെ ഇരയെറിഞ്ഞ അവൾ പറഞ്ഞു "എനിക്കു സന്താനങ്ങൾ വേണം. അങ്ങയുടെ ബീജത്തിൽ നിന്നു പിറക്കുന്ന സന്താനങ്ങൾ. "
സായന്തനത്തെ സാക്ഷിയാക്കി ഇണ ചേർന്നവർക്കു പിറന്ന ഒന്നാമൻ ദശമുഖനായി. രണ്ടാമൻ കുംഭകർണനും മുന്നാമതൊരു പെണ്ണു പിറന്നു. നാലാമനാണ് വിഭീഷണൻ....
തന്റെ മക്കളിലൂടെ രാക്ഷസവംശത്തിന്റെ മോചനം സ്വപ്നം നെയ്ത
കൈകസി മക്കൾക്കു ഊട്ടിയത് മാംസാഹാരമായിരുന്നു. കഥ ചൊല്ലിയത് രാക്ഷസകുലപെരുമയായിരുന്നു. ദേവന്മാരാൻ വഞ്ചിക്കപ്പെട്ടതിനാൽ നാടുനീങ്ങേണ്ടി വന്നു യാചകരായി മാറേണ്ടി വന്ന കഥ ചൊല്ലലിലൂടെ ശൈശവത്തിൽ തന്നെ ദേവന്മാരോടുള്ള ഒടുങ്ങാത്ത പക തന്റെ മക്കളിൽ വിതക്കാൻ കൈകസിക്കു കഴിഞ്ഞു..... അമ്മ വിതച്ച പകയുടെ വിത്തുകൾ തന്നെയാണ് രാവണനെയും കുംഭകർണനെയും അധർമത്തിന്റെ മാർഗത്തിലേക്കു നയിച്ചത്.. ഒടുവിൽ കുംഭകർണ്ണനു സത്യത്തെ തിരിച്ചറിയാവുന്നുണ്ട്.
രാവണനോടു അത് കുംഭകർണൻ പറയുന്നുമുണ്ട്. (കമ്പരാമായണം)
" ജ്യേഷ്ഠാ, പിറവിയിൽ നാം ബ്രാഹ്മണരാണെങ്കിലും പ്രവൃത്തി കൊണ്ടു രാക്ഷസന്മാരായി തീർന്നവരാണ്. ഇതിനു കാരണം മറ്റാരുമല്ല നമ്മുടെ മാതാവു തന്നെയാണ്. ആകാശത്തു നിന്നു പൊഴിയുന്ന ഒരോ മഴത്തുള്ളിയും ശുദ്ധമാണ്. എന്നാൽ അത് വീഴുന്ന നിലത്തിന്റെ ഗുണം അതിനുണ്ടാവും . നാം ബീജ ശുദ്ധിയുള്ളവരാണെങ്കിലും പാത്ര ശുദ്ധി നമുക്കില്ലാതെ പോയി ... മാത്രമല്ല അമമ നമ്മളെ വളർത്തിയതും രാക്ഷസകുട്ടികളായി തന്നെയാണ്...

0 comments:

Post a Comment