Tuesday, July 23, 2024
On July 23, 2024 by Sadananda Pulavar No comments
രാമായണ വിചാരം...
രാമൻ്റെയും സീതയുടെയും രാവണൻ്റെയും ലക്ഷ്മണൻ്റെയും പിന്നെ എവിടെയും എഴുതപ്പെടാതെപ്പോയ ഊർമ്മിളയുടെയും കഥയായ രാമകഥ മുന്നൂറുതരത്തിൽ രചിക്കപ്പെട്ടിട്ടുള്ളതായി രാമകഥയെ തേടി നടന്ന കാമിൽ ബുൽക്കേ പറയുന്നു. ഇതുകൂടാതെ രാമായണത്തെ പ്രമേയമാക്കി അനേകം കലാരൂപങ്ങളും ലോകത്തു പ്രചാരത്തിലുണ്ട്.വണ്ണത്തിൽ 24000 ശ്ലോകങ്ങളുള്ള വാല്മീകിയുടെ രചനക്കു ഒപ്പം നിൽക്കില്ലെങ്കിലും ഇന്നു ഏറ്റവും കൂടുതൽ വായിക്കപ്പെടുന്നത് തുഞ്ചത്ത് ആചാര്യൻ്റെ കൃതി തന്നെയാണ്. ഇന്നൊരു രാത്രി കഴിഞ്ഞാൽ നാളെ പിറക്കുന്ന പകലിൽ കേരളത്തിലെ ദൃശ്യമാധ്യമങ്ങളിലും പത്രങ്ങളിലും, നിറഞ്ഞു നിൽക്കുക രാമായണ വിശേഷങ്ങളാണ്. ഒപ്പം തന്നെ കേരളത്തിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും കർക്കിടത്തിൻ്റെ പുലരിയിലോ സായന്തനത്തിലോ രാമായണം പാരായണ മെന്നത് ഒരാചാരമായി മാറിക്കഴിഞ്ഞു. ഗതകാലങ്ങളിൽ തീരെ വരുമാനമില്ലാതിരുന്ന പഞ്ഞത്തിൻ്റെ മാസത്തിൽ കൂടുതൽ വരുമാനം ലഭിക്കുമെന്ന ഗുണം കൂടി രാമായണ് പാരായണത്തിലൂടെ ക്ഷേത്രങ്ങൾക്കു ലഭിക്കുന്നുണ്ട്. രാമകഥ, അതു വായിച്ചാലും അതു കേട്ടാലും മനസ്സിലെ ഇരുട്ടു മായുമെന്നും "രാ" മായ്ക്കുന്നതിനാലാണ് രാമകഥക്കു രാമായണം എന്ന പേരുണ്ടായതെന്ന ചൊല്ലും ഉണ്ട്. രാമന്റെ യാത്രയാണ് രാമായനം എന്ന വാദവും ഉണ്ട്.ആദ്യ കാവ്യ മെന്നു വിവക്ഷിക്കപ്പെടുന്ന രാമായണം വാല്മീകി രചിക്കുന്നതിനു മുൻപ് തന്നെ നാടോടി പാട്ടുകളുടെ രൂപത്തിൽ ഗംഗാസമതലങ്ങളിൽ രാമകഥ പ്രചാരത്തിൽ ഉണ്ടായിരുന്നതായും അഭിപ്രായങ്ങളുണ്ട്. 5000 ലധികം വർഷം പഴക്കം വാല്മീകി രാമായണത്തിനുണ്ടെങ്കിലും മലയാളത്തിലെ പൂർണ രാമായണ കഥയായ അദ്ധ്യാത്മ രാമായണത്തിനു 4 നുറ്റാണ്ടിന്റെ പഴക്കമേയുള്ളു. അദ്ധ്യാത്മ രാമായണത്തിന്റെ പിറവിക്കു മുൻപ് കേരളത്തിൽ രാമായണമെന്നാൽ അത് കമ്പരാമായണമായിരുന്നു എന്നാണ് ഡോ.എം.ലീലാവതിയെ പോലുള്ളവർ അഭിപ്രായപ്പെടുന്നത്. അക്ഷരഭ്യാസം മനകളിലും മാടമ്പിത്തറവാടുകളിലും ഒതുങ്ങി നിന്നിരുന്ന കാലത്ത് അപൂർവം ചില വീടുകളിൽ പാരായണം ചെയ്യപ്പെട്ടിരുന്നു എന്നതൊഴിച്ചാൽ എഴുത്തച്ഛന്റെ രാമായണത്തിനു അക്ഷരമില്ലാത്തവന്റെ ചിന്തയിൽ അന്നു സ്ഥാനമുണ്ടായിരുന്നില്ല. സാധാരണക്കാരന്റെ നാവിലും അക്ഷരങ്ങൾ വഴങ്ങി തുടങ്ങിയ ഒരു നൂററാണ്ടിനിപ്പുറവും പാലക്കാട് ജില്ലയിലെ സാധാരണക്കാർ വായിച്ചിരുന്നത് ലീലാവതിയും, കണ്ണിയമ്പുറം സ്വദേശി രാമൻ പിള്ളയും തോല്പാവകൂത്തിന്റെ ഇതിവൃത്തത്തെ അടിസ്ഥാനമാക്കി രചിച്ച ഗദ്യരൂപത്തിലുള്ള കമ്പരാമായണമായിരുന്നു. ഇതിനു കാരണം നാലക്ഷരം കൂട്ടിവായിക്കാൻ മാത്രമറിയാവുന്നവർക്കു എഴുത്തച്ഛന്റെ രചന വഴങ്ങുന്നതായിരുന്നില്ല. നൂറു ശതമാനം സാക്ഷരതയുള്ള നാടെന്നു നാം പറയുന്ന കേരളത്തിൽ ഈ നാളിലും എഴുത്തച്ഛൻ രചിച്ച അദ്ധ്യാത്മ രാമായണം പൂർണമായും വായിച്ചവർ എത്ര പേരുണ്ടാവും 10 ശതമാനം കൂടി തികയില്ല. ഇതിൽ തന്നെ പൊരുളറിഞ്ഞു എഴുത്തച്ഛനെ വായിക്കാൻ എത്ര പേർക്കു കഴിയും ? 2 ശതമാനം പേർക്കു കൂടി സാധ്യമല്ല. സാമാന്യ വിദ്യാഭ്യാസം മാത്രമുള്ളവർക്കും ഭാഷാ പരിജ്ഞാനം കുറഞ്ഞവർക്കും എഴുത്തച്ചന്റെ രാമായണത്തിന്റെ ഉള്ളിലേക്കു കടന്നുചെല്ലാനും അകതാരിൽ കോർത്തിട്ട വേദാന്ത ചിന്തകളുടെ പൊരുളറിയാനും ' ഏറെ വിഷമമാണ്. കാരണം രാമകഥയിലൂടെ എഴുത്തച്ഛൻ കുറിച്ചിട്ടിരിക്കുന്നത് ആത്മീയതയുടെ ഉദാത്ത ചിന്തകളെയാണ്. പുരാണ കഥകളിൽ നിന്നുയർന്ന് വേദാന്തത്തിലേക്കു എത്തി നിൽക്കുന്ന ചിന്തകൾ.. രാമകഥയെ കുറിച്ചു കേരളത്തിലെ ഭൂരിപക്ഷം പേരും കേട്ടറിഞ്ഞത് എഴുത്തച്ഛന്റെ രചനയിൽ നിന്നല്ല.മറിച്ച് സിനിമകളിൽ കളിൽ നിന്നും കുട്ടികൾക്കു വേണ്ടി രചിക്കപ്പെടുന്ന പ്രസിദ്ധീകരണങ്ങളിൽ നിന്നുമാണ്.
മലയാളത്തിനു ഭാഷയെ തന്ന തുഞ്ചത്താചാര്യൻ ശ്രീരാമനെ ഈശ്വരനായി തന്നെയാണ് തന്റെ രചനയിൽ വരച്ചു കാട്ടുന്നത്.
എന്നാൽ തമിഴിനു രാമകഥ ഓതിക്കൊടുത്ത കമ്പരുടെ രാമനു മനുഷ്യനോടാണ് കൂടുതൽ സാദൃശ്യം. "നെറ്റിക്കൺ തിറപ്പിനും കുറ്റം കുറ്റമേ " എന്നു പറഞ്ഞു ശിവനെ തന്നെ ചോദ്യം ചെയ്ത നർക്കീരന്റെ പാരമ്പര്യമുള്ള സംഘത്തമിഴിന്റെ സ്വാധീനം കമ്പരിലും ഉണ്ട്. ബാലിയുടെ കൃത്യതയുള്ള ചോദ്യത്തിനു ഉത്തരം പറയാൻ കഴിയാതെ കുറ്റബോധത്താൽ തലക്കു നിച്ചു നിൽക്കുന്ന രാമനെയാണ് കമ്പർ വരച്ചു വെച്ചിരിക്കുന്നത്. സീതയെ ഓർത്തു ദുഃഖിക്കുന്ന രാമനോട് " ദുഖിച്ചിട്ടു കാര്യമില്ല , കാരണക്കാരൻ നീ തന്നെയെന്നു "ശ്രീരാമനെ കുറ്റപ്പെടുത്തുന്ന ജടായുവിനെയും കമ്പരിൽ കാണാം. അന്നമേ വാ എന്നു നൂറു വട്ടം പറഞ്ഞാലും കാര്യമില്ല, ഉണ്ടാലേ വിശപ്പു മാറു, ഇതുപോലെ കരഞ്ഞതു കൊണ്ടു സീതയെ കണ്ടെത്താൻ കഴിയില്ല പ്രവർത്തിക്കുക തന്നെ വേണമെന്നു ശ്രീരാമനെ ഉപദേശിക്കുന്ന ലക്ഷ്മണന്റെ ചിത്രവും കമ്പരിലുണ്ട്. രാമകഥയുടെ ഉള്ളിലൂടെ നടക്കാനായാൽ എത്രയെത്രയോ കാര്യങ്ങൾ നമുക്കു ഗ്രഹിക്കാനാവും..
Subscribe to:
Post Comments (Atom)
Search
Popular Posts
-
കൃഷ്ണാ... കരിമേഘത്തിന്റെ നിറ ഭംഗിയായിരുന്നുവത്രേ യദുകുല ബാലന്ന് .. അതുകൊണ്ടാണല്ലോ ആണ്ടാൾ "കാക്കൈ കറുപ്പിനിലെ നന്ദലാലാ ഉന്തൻ കറുമൈ തോന്റ...
-
രാമായണ വിചാരം... രാമൻ്റെയും സീതയുടെയും രാവണൻ്റെയും ലക്ഷ്മണൻ്റെയും പിന്നെ എവിടെയും എഴുതപ്പെടാതെപ്പോയ ഊർമ്മിളയുടെയും കഥയായ രാമകഥ മുന്നൂറുത...
-
രാമായണവിചാരം ... അന്ന് സത്യമുണ്ടായിരുന്നില്ല , അതിനാൽ തന്നെ അസത്യവും. നന്മയും അന്നുണ്ടായിരുന്നില്ല അതിനാൽ തന്നെ തിന്മയും. അന്ന് അവൻ മാത്രമേ ...
Blogger templates
Blog Archive
- July 2024 (5)
Search This Blog
Powered by Blogger.

0 comments:
Post a Comment